Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKerala Assembly Election 2026മലപ്പുറം പോളിങ്ങിന് സജ്ജം: സുരക്ഷയ്ക്ക് 4700ലേറെ ഉദ്യോഗസ്ഥർ, 17 ഡ്രോണുകൾ; വോട്ടർമാർ...

മലപ്പുറം പോളിങ്ങിന് സജ്ജം: സുരക്ഷയ്ക്ക് 4700ലേറെ ഉദ്യോഗസ്ഥർ, 17 ഡ്രോണുകൾ; വോട്ടർമാർ അറിയേണ്ടത്.. | Assembly Elections

🎙️ Latest Podcast

മലപ്പുറം: വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി മലപ്പുറം ജില്ല പൂർണ്ണമായും സജ്ജമായതായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളിലായി 95 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിങ് ശതമാനം വർദ്ധിപ്പിക്കാൻ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.(Malappuram is ready for Assembly Elections, More than 4700 officers, 17 drones for security)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് സമയം. 3689 പോളിങ് സ്റ്റേഷനുകൾ ഉണ്ട്. പ്രിസൈഡിങ് ഓഫീസർമാർ ഉൾപ്പെടെ 18,000-ത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചു. 43 പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷയൊരുക്കി. 58 കമ്പനി കേന്ദ്രസേനയ്ക്ക് പുറമെ കർണാടക, തമിഴ്നാട് പോലീസിനെയും കേരള എ.പി ബറ്റാലിയനെയും വിന്യസിച്ചു. ആകെ 4729 സുരക്ഷാ ഉദ്യോഗസ്ഥർ രംഗത്തുണ്ടാകും. പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്താൻ 17 ഡ്രോണുകൾ നിരീക്ഷണം നടത്തും.

വോട്ടർ സ്ലിപ്പിന് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 13 തിരിച്ചറിയൽ രേഖകളിൽ (ആധാർ, പാൻ, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയവ) ഏതെങ്കിലും ഒന്ന് കൈവശം കരുതണം. രേഖകളുടെ ഡിജിറ്റൽ കോപ്പികൾ അനുവദിക്കില്ല. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാനാകൂ. voters.eci.gov.in എന്ന വെബ്സൈറ്റിലൂടെ ഇത് ഉറപ്പാക്കാം.

ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല. 100 മീറ്റർ പരിധിയിൽ പ്രവേശിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യണം. ഫോണുകൾ സൂക്ഷിക്കാൻ ബൂത്തുകളിൽ കുടുംബശ്രീ വൊളന്റിയർമാരുടെ നേതൃത്വത്തിൽ ടോക്കൺ സംവിധാനം ഉണ്ടാകും. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാം. ഇവർക്കായി റാംപ് സൗകര്യവും വൊളന്റിയർമാരുടെ സേവനവും ലഭ്യമായിരിക്കും. ബുധനാഴ്ച രാവിലെ മുതൽ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെടുപ്പ് സുതാര്യമാക്കാൻ വെബ്കാസ്റ്റിങ് കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.