ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(Rajeev Chandrasekhar should not teach politics, says VD Satheesan)
രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയുടെ കാര്യം നോക്കിയാൽ മതിയെന്നും കോൺഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടെന്നും സതീശൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ പാരമ്പര്യം എന്താണ്? അദ്ദേഹം കേരളത്തിലേക്ക് നൂലിൽ കെട്ടി ഇറക്കിയ ആളല്ലേ? ഘടകകക്ഷികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോൺഗ്രസിന് കൃത്യമായി അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
വിഴിഞ്ഞം, ഗെയിൽ പദ്ധതികൾ യുഡിഎഫ് സർക്കാരിന്റേതാണ്. അന്ന് ഗെയിൽ പദ്ധതിയെ എതിർത്തത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി. രാജീവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് നാലര ലക്ഷത്തിലേറെ വീടുകൾ നൽകിയപ്പോൾ എൽഡിഎഫ് പത്ത് വർഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. വിവാദ പരാമർശം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിനെ വി.ഡി. സതീശൻ പരസ്യമായി തള്ളിപ്പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പ്രതികരണങ്ങൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

