തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Thunderstorm Warning Kerala). മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. ഏപ്രിൽ 8 വരെ ഈ കാലാവസ്ഥ തുടരാനാണ് സാധ്യത. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയും മേഘാവൃതമായ അന്തരീക്ഷവും കാരണം സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഇന്നലെ 38.5°C ആയിരുന്ന താപനില ഇന്ന് 36°C ആയി കുറഞ്ഞു.
പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ:
ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുതോപകരണങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക:
- സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാം: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലത്തോ ടെറസിലോ നിൽക്കുന്നത് ഒഴിവാക്കുക.
- ജനലും വാതിലും അടച്ചിടുക: ശക്തമായ കാറ്റുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ കെട്ടിടത്തിന് നടുവിൽ ഇരിക്കാൻ ശ്രമിക്കുക.
- വൈദ്യുതോപകരണങ്ങൾ: ഗൃഹോപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടുക. ഇടിമിന്നലുള്ള സമയത്ത് ഫോൺ (ലാൻഡ്ലൈൻ) ഉപയോഗിക്കുന്നത് ഒഴിവാക്കുക (മൊബൈൽ ഫോൺ ഉപയോഗിക്കാം).
- മരച്ചുവട്ടിൽ നിൽക്കരുത്: ഇടിമിന്നൽ സമയത്ത് മരച്ചുവട്ടിലോ മരങ്ങൾക്കിടയിലോ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
- യാത്രക്കാർ ശ്രദ്ധിക്കാൻ: സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടുക. കാറിനുള്ളിലോ ബസിനുള്ളിലോ ഉള്ളവർ പുറത്തേക്ക് കൈകാലുകൾ ഇടാതെ അതിനുള്ളിൽ തന്നെ തുടരുന്നത് സുരക്ഷിതമാണ്.
- ജലാശയങ്ങൾ ഒഴിവാക്കുക: മിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. മീൻ പിടിക്കാനോ ബോട്ടിങ്ങിനോ പോയവർ കാർമേഘം കണ്ടാൽ ഉടൻ കരയിലേക്ക് മടങ്ങണം.
- മൃഗങ്ങളുടെ സുരക്ഷ: വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടിയിടരുത്. മിന്നൽ സമയത്ത് അവയെ മാറ്റിക്കെട്ടാൻ പോകുന്നത് അപകടകരമാണ്.
- പ്രഥമ ശുശ്രൂഷ: മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല, അതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാനുള്ള നിർണ്ണായക സമയമാണ്.
Summary: The Central Meteorological Department has issued a yellow alert for Pathanamthitta, Idukki, Palakkad, and Malappuram districts, predicting isolated heavy rainfall and thunderstorms across Kerala. Wind speeds may reach 40–50 kmph. Due to increased cloud cover, temperatures have slightly dipped. Authorities have urged the public to stay indoors during lightning, disconnect electrical appliances, and avoid open spaces or water bodies.

