കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി വീട് നിർമ്മിക്കുന്നതിന് കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ പൂർണ്ണരൂപം കെപിസിസി പുറത്തുവിട്ടു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ആകെ 5,38,21,632 രൂപ ലഭിച്ചതായി സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയും നൽകിയിട്ടുണ്ട്.(Sunny Joseph reveals the figures of the amount collected for the Wayanad disaster victims’ house Construction)
വീട് നിർമ്മാണത്തിനായി രണ്ട് ഘട്ടങ്ങളിലായാണ് ഭൂമി വാങ്ങിയത്. ഒന്നാം ഘട്ടത്തിൽ 3 ഏക്കർ 24.5 സെന്റ് ഭൂമി വാങ്ങി. ഇതിനായി രജിസ്‌ട്രേഷൻ ഉൾപ്പെടെ 3,68,36,388 രൂപ ചെലവഴിച്ചു. പദ്ധതിയുടെ ആപ്പ് നിർമ്മാണത്തിനായി 9,30,000 രൂപയും ചെലവായി. രണ്ടാം ഘട്ടത്തിൽ 2 ഏക്കർ 18 സെന്റ് ഭൂമി കൂടി വാങ്ങി. ഇതിനായി 2,50,30,272 രൂപ ചെലവിട്ടു. ഈ ഘട്ടത്തിൽ പിരിച്ചുകിട്ടിയ തുകയേക്കാൾ 97,51,212 രൂപ അധികമായി കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് ചെലവാക്കേണ്ടി വന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
വീട് നിർമ്മാണത്തിനായി പിരിച്ചതിനേക്കാൾ കൂടുതൽ തുക ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. അതിനാൽ ഇനി പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കില്ലെന്നും ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ പാർട്ടി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വാങ്ങുന്നതിനും മറ്റുമായി ഇനി 73,90,985 രൂപ കൂടി ആവശ്യമുണ്ട്.
ഫണ്ടിന്റെ കാര്യത്തിൽ സിപിഎം അനാവശ്യമായ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നിട്ടുള്ളത്. ഈ കണക്കുകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാം. സുതാര്യമായ രീതിയിലാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്, അദ്ദേഹം പറഞ്ഞു.

