കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ, തനിക്കെതിരെ ബോധപൂർവ്വം വ്യക്തിഹത്യയും വർഗീയ പ്രചാരണവും നടത്തുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും സൈബർ ആക്രമണങ്ങൾ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും ഫാത്തിമ തഹ്ലിയ മാധ്യമങ്ങളോട് പറഞ്ഞു.(I’m getting personally attacked, says Fathima Thahiliya)
പ്രചാരണത്തിന് ഇറങ്ങിയ ആദ്യ ദിവസം മുതൽ താൻ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് സംസാരിക്കുന്നത് തടയാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ഇതിനായി അവർ വ്യക്തിഹത്യയും സൈബർ ആക്രമണവും ആയുധമാക്കുന്നു. മതധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ ഓഡിറ്റ് ചെയ്യും, അവർ പറഞ്ഞു.
വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചും തഹ്ലിയ വ്യക്തത വരുത്തി. വ്യക്തിപരമായ ക്ഷണമല്ല, മറിച്ച് പാർട്ടിക്കും കമ്മിറ്റിക്കുമാണ് ഇത്തരം ക്ഷണങ്ങൾ ലഭിക്കുക. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെടുത്തി തന്നെ നിരന്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. കേരളത്തിലുടനീളം ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വെൽഫെയർ പാർട്ടിക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

