Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeNationalസ്ത്രീധന പീഡനം: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു; ഭർത്താവ് പോലീസ്...

സ്ത്രീധന പീഡനം: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ | Suicide

🎙️ Latest Podcast

ഹൈദരാബാദ്: സ്ത്രീധന പീഡനത്തെത്തുടർന്ന് ഹൈദരാബാദിലെ സൈബരാബാദ് മിയാപ്പൂരില്‍ 26-കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ ഇഷിത യാദവിനെയാണ് ബുധനാഴ്ച വൈകുന്നേരം അപ്പാർട്ട്‌മെന്റിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Dowry harassment, Software engineer commits suicide in Hyderabad)

ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും 2020-ൽ സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. അഞ്ച് വർഷത്തോളം പ്രണയത്തിലായിരുന്ന ഇവർ ഈ വർഷം ഫെബ്രുവരി 20-ന് പാട്നയിൽ വെച്ച് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹിതരായി. വിവാഹശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറുകയും ഐടി മേഖലയിൽ ജോലി ചെയ്തു വരികയുമായിരുന്നു. വിവാഹത്തിന് പിന്നാലെ നീരജ് ഇഷിതയെ ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങിയെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടു.

വിവാഹസമയത്ത് നൽകിയതിന് പുറമെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മർദ്ദത്തിലാക്കിയിരുന്നു. താൻ പുതുതായി തുടങ്ങിയ സ്റ്റാർട്ട്-അപ്പ് കമ്പനിയിൽ പണം നിക്ഷേപിക്കാൻ ഇഷിതയുടെ കുടുംബത്തോട് ആവശ്യപ്പെടണമെന്ന് പറഞ്ഞും ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിൽ മിയാപ്പൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള ഭർത്താവ് നീരജിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.