കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു. പാർട്ടിയിൽ വനിതാ നേതാക്കൾ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് അവർ തുറന്നടിച്ചു.(Noorbina Rasheed resigns alleging negligence in Muslim League )
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് വനിതാ ലീഗുമായി യാതൊരുവിധ ചർച്ചകളും പാർട്ടി നടത്തിയിട്ടില്ല. സ്ഥാനം രാജിവെച്ചെങ്കിലും മുസ്‌ലിം ലീഗിൽ തന്നെ തുടരുമെന്ന് നൂർബീന റഷീദ് വ്യക്തമാക്കി.
തങ്ങൾമാർ ഏറെ വേണ്ടപ്പെട്ടവർ ആണെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയെ ഭീഷണിപ്പെടുത്തിയവർക്ക് സീറ്റ് നൽകിയെന്നും അവർ ആരോപിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു നൂർബീനയുടെ വെളിപ്പെടുത്തലുകൾ. ചിലർ സ്ഥാനാർത്ഥി പട്ടികയിൽ വരരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ പാർട്ടിയെ ഭീഷണിപ്പെടുത്തിയവർക്ക് സീറ്റ് ലഭിച്ചുവെന്നും നൂർബീന വിമർശിച്ചു.
വനിതാ ലീഗിൽ ഒരു മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താൻ പോലും നിലവിൽ അവസരമില്ലാത്ത സാഹചര്യമാണെന്ന് അവർ പറഞ്ഞു. ഫാത്തിമ തെഹ്‌ലിയക്കെതിരെയും നൂർബീന രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. പാണക്കാട് തങ്ങൾ കുടുംബത്തെപ്പോലും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും അവർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മുതിർന്ന വനിതാ നേതാവിന്റെ ഈ പിന്മാറ്റം മുസ്‌ലിം ലീഗിനും യുഡിഎഫിനും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

