തിരുവനന്തപുരം: ബി.ജെ.പിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ചാൽ കേരളത്തിൽ ഇന്നലെവരെ അനുഭവിച്ച സമാധാനജീവിതം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്കും ആർ.എസ്.എസിനും കേരളത്തിൽ സ്വീകാര്യതയില്ലാത്തതിന്റെ വിരോധം തീർക്കാൻ കേന്ദ്രസർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(If you believe in BJP, you will not be able to live in Kerala as you lived till yesterday, says Chief Minister)
കേരളത്തോടുള്ള രാഷ്ട്രീയ പകയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അവഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങളിൽ പോലും സഹായം നൽകാതിരുന്നതും വായ്പാ പരിധി വെട്ടിക്കുറച്ചതും കേരളത്തെ തകർക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ കേരളവിരുദ്ധ നയങ്ങളെ കോൺഗ്രസും യു.ഡി.എഫും പിന്തുണയ്ക്കുകയാണ് ചെയ്തത്. കേരളം തകരട്ടെ എന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016-ന് ശേഷം കേരളം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി വോട്ട് അഭ്യർത്ഥിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ദേശീയപാത നിർമ്മാണം, നിക്ഷേപസൗഹൃദം എന്നിവയിൽ കേരളം ഒന്നാമതെത്തി. ഈ വികസനത്തിന് തുടർച്ചയുണ്ടാകാൻ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് അദ്ദേഹം പറഞ്ഞു.
അടുക്കളയിൽ കയറി ഭക്ഷണം നോക്കി മനുഷ്യനെ കൊല്ലുന്ന സംസ്കാരം കേരളത്തിലില്ല. കഴിഞ്ഞ പത്തു വർഷമായി വർഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനമാണ് കേരളം. ഇവിടെ എല്ലാവർക്കും തങ്ങളുടെ വിശ്വാസങ്ങളുമായി സമാധാനമായി ജീവിക്കാം, മുഖ്യമന്ത്രി വ്യക്തമാക്കി. 2016-ൽ കോൺഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് ബി.ജെ.പി നേമത്ത് അക്കൗണ്ട് തുറന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ 2021-ൽ വി. ശിവൻകുട്ടിയിലൂടെ ആ അക്കൗണ്ട് എൽ.ഡി.എഫ് പൂട്ടിച്ചു. കേരളത്തിൽ ബി.ജെ.പിക്ക് ഇടമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. വട്ടിയൂർക്കാവ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത്, നേമത്തെ വി. ശിവൻകുട്ടി, കഴക്കൂട്ടത്തെ കടകംപള്ളി സുരേന്ദ്രൻ, അരുവിക്കരയിലെ ജി. സ്റ്റീഫൻ എന്നിവരുടെ യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. എൽ.ഡി.എഫ് നേതാക്കളായ എ.എ. റഹീം എം.പി, ആന്റണി രാജു, എം. വിജയകുമാർ തുടങ്ങിയ പ്രമുഖരും വിവിധ യോഗങ്ങളിൽ സംബന്ധിച്ചു.

