ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനത്തിൽ തന്നെ പ്രമുഖ നേതാക്കൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ തന്റെ സിറ്റിംഗ് മണ്ഡലമായ കൊളത്തൂരിലും, ടിവികെ അധ്യക്ഷൻ വിജയ് ചെന്നൈ പെരമ്പൂരിലും പത്രിക നൽകി. വൻ ജനപങ്കാളിത്തത്തോടെ നടന്ന റോഡ് ഷോകൾ ചെന്നൈ നഗരത്തെ ആവേശത്തിലാഴ്ത്തി.(Nomination filing begins in Tamil Nadu, Stalin and Vijay file nominations )
കൊളത്തൂരിൽ പത്രിക സമർപ്പിച്ച ശേഷം നൂറുകണക്കിന് സ്ത്രീകളെ അണിനിരത്തിയാണ് സ്റ്റാലിൻ റോഡ് ഷോ നടത്തിയത്. ഈ മത്സരം ഡൽഹിയും തമിഴ്‌നാടും തമ്മിലാണ്. ആരൊക്കെ എതിരാളികളായി വന്നാലും ഡിഎംകെ തന്നെ വിജയിക്കും, പത്രികാ സമർപ്പണത്തിന് ശേഷം സ്റ്റാലിൻ പ്രതികരിച്ചു.
ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന വിജയ് രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇന്ന് പെരമ്പൂരിൽ പത്രിക നൽകിയ അദ്ദേഹം പാർട്ടി നേതാക്കൾക്കൊപ്പം റോഡ് ഷോ നടത്തി തന്റെ രാഷ്ട്രീയ കരുത്ത് തെളിയിച്ചു. പത്രികാ സമർപ്പണത്തിന് ശേഷം സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിജയ് ഇന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും.

