പത്തനംതിട്ട: കേരളത്തിലെ എൽഡിഎഫ് സർക്കാർ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും സംസ്ഥാനത്ത് യുഡിഎഫ് നേരിടുന്നത് ബിജെപി-സിപിഎം സംയുക്ത മുന്നണിയെയാണെന്നും രാഹുൽ ഗാന്ധി. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(LDF government in Kerala is under BJP control, Rahul Gandhi in Pathanamthitta)
കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ബിജെപിയും എൽഡിഎഫും കൈകോർത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ രാജ്യതലത്തിൽ നേരിടുന്നത് കോൺഗ്രസ് മാത്രമാണെന്നും അതുകൊണ്ടാണ് അവർ കോൺഗ്രസിനെ ലക്ഷ്യം വെക്കുന്നതെന്നും രാഹുൽ പറഞ്ഞു.
ശബരിമലയിലെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മനഃപൂർവ്വം മറന്നുപോവുകയാണ്. അവിടെ നടന്ന കാര്യങ്ങൾ അന്വേഷിക്കാത്തത് ബിജെപി-സിപിഎം ഒത്തുകളിയുടെ തെളിവാണ്. സ്വർണം കട്ടവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നിലവിലെ എൽഡിഎഫ് ഭരണം ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നില്ലെന്നും ബിജെപിക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം അടൂരിലെത്തിയ അദ്ദേഹം യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശമാണ് പകർന്നു നൽകിയത്. അടൂരിലെ പൊതുപരിപാടിക്ക് മുൻപായി കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിയായിരുന്ന പരേതനായ എം.ജി. കണ്ണന്റെ കുടുംബത്തെ അദ്ദേഹം സന്ദർശിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് രാഹുലിന്റെ ഇന്നത്തെ പര്യടനം.

