വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ മേഖലയിലേക്ക് പതിനായിരം സൈനികരെ കൂടി അയക്കാൻ അമേരിക്ക പദ്ധതിയിടുന്നു. യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആണ് ഈ നിർണ്ണായക റിപ്പോർട്ട് പുറത്തുവിട്ടത്. ഇറാനെതിരെ കരസേനാ നടപടിക്കുള്ള ട്രംപ് ഭരണകൂടത്തിന്റെ തയ്യാറെടുപ്പായിട്ടാണ് ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്.(US to send 10,000 more troops to the West Asia, Tough move against Iran)
കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി കരസേനയെ വിന്യസിക്കാനാണ് പെന്റഗൺ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ 5,000 നാവികസേനാ അംഗങ്ങളെ അമേരിക്ക മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ചർച്ചകൾക്ക് വഴങ്ങാത്ത ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് ഈ വലിയ സൈനിക വിന്യാസമെന്നും സൂചനയുണ്ട്. ഇറാനിൽ ‘അവസാന പ്രഹരം’ ഏൽപ്പിക്കുന്നതിനായി വൻതോതിലുള്ള ബോംബാക്രമണവും കരസേനാ നീക്കവും ഉൾപ്പെടെയുള്ള സൈനിക ഓപ്ഷനുകൾ പെന്റഗൺ വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണം ചർച്ചകൾ പുരോഗമിക്കുന്നതിനാൽ അടുത്ത പത്ത് ദിവസത്തേക്ക് നിർത്തിവെച്ചതായി ട്രംപ് അറിയിച്ചിരുന്നു.

