ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യം നേരിടാനിടയുള്ള വെല്ലുവിളികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. വൈകുന്നേരം വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.(West Asian conflict, PM Modi calls meeting of Chief Ministers today)
ആഗോള വിപണിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചർച്ച ചെയ്യും. യുദ്ധം മൂലം വിതരണ ശൃംഖല തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വളം, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ലഭ്യതയും വിലക്കയറ്റവും നിരീക്ഷിക്കും.
പ്രതിസന്ധി നേരിടാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടും. നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തിൽ രാജ്യത്തെ ക്രമസമാധാന നിലയും സുരക്ഷാ തയാറെടുപ്പുകളും വിലയിരുത്തും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അവിടങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല.
ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചുചേർത്തിട്ടുണ്ട്. സംഘർഷം ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ബാധിക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നീങ്ങണമെന്ന സന്ദേശമാണ് ഈ യോഗത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.

