ടെൽ അവീവ്: ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് എന്നിവരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ നടത്തിയ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നാണ് സൂചന.(Israel backs off move targeting Iran’s foreign minister and speaker )
ഇറാന്റെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് നേരെയുള്ള ആക്രമണം പശ്ചിമേഷ്യയിൽ ആർക്കും നിയന്ത്രിക്കാനാവാത്ത വൻയുദ്ധത്തിന് വഴിമരുന്നിടുമെന്ന് പാകിസ്ഥാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലെ മിതവാദികളായ നേതാക്കളെ ഇല്ലാതാക്കുന്നത് ഭാവിയിലെ സമാധാന ശ്രമങ്ങളെ പാടേ തകർക്കുമെന്ന് പാകിസ്ഥാൻ ചൂണ്ടിക്കാട്ടി.
ഇറാൻ നിലവിൽ അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ അരാഗ്‌ചി, ഖാലിബാഫ് തുടങ്ങിയവരുടെ സാന്നിധ്യം അനിവാര്യമാണെന്ന് ഇസ്രായേലിനെ ബോധ്യപ്പെടുത്താൻ പാകിസ്ഥാന് കഴിഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് പട്ടികയിൽ മാറ്റം വരുത്താൻ ധാരണയായതെന്നാണ് പുറത്തുവരുന്ന വിവരം. എങ്കിലും ഇസ്രായേൽ ഔദ്യോഗികമായി ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.

