മലപ്പുറം: പൊന്നാനി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിനെതിരെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് ‘നോട്ട’യ്ക്കായിരിക്കുമെന്നാണ് ബോർഡിലെ പ്രധാന വാചകം.(Assembly elections, flex board says ‘Vote for NOTA’ in Ponnani )
അടിമകൾ ആകാൻ ഞങ്ങളില്ല, ഞങ്ങൾ ചങ്ങലകളാൽ ബന്ധസ്ഥരല്ല… ഈ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക് എന്നാണ് ഫ്ലക്സ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെഗുവേരയുടേതടക്കം ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങളുടെ ശബ്ദം അവഗണിക്കുന്ന പ്രസ്ഥാനങ്ങൾ പരാജയപ്പെടും എന്ന താക്കീതും പോസ്റ്ററിലുണ്ട്. ഒരാൾക്ക് തന്നെ എല്ലാ പദവികളും നൽകുന്നതിനെതിരെയാണ് പ്രധാനമായും വിമർശനം ഉയരുന്നത്. ഫ്ലക്സ് ബോർഡ് ഇന്നലെ രാത്രിയോടെ തന്നെ സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്.

