നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം കേരളത്തിൽ ശക്തിപ്രാപിക്കുന്നതിനിടെ സെലിബ്രിറ്റികളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ച് പ്രമുഖ ട്രാൻസ്‌വുമണും സോഷ്യൽ മീഡിയ താരവുമായ ജാസി (Jassi Political Stand Kerala Election). ഇരുപതിനായിരമല്ല, 20 കോടി രൂപ തന്നാൽ പോലും താൻ ബിജെപിയിൽ ചേരില്ലെന്ന് ജാസി വ്യക്തമാക്കി. വ്യക്തിപരമായി താനൊരു സഖാവാണെന്നും തന്റെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലെന്നും ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെ താരം പറഞ്ഞു.
സീമ വിനീത് ഉൾപ്പെടെയുള്ള പ്രമുഖ ട്രാൻസ്ജെൻഡേഴ്സ് അടുത്തിടെ ബിജെപിയിൽ അംഗത്വമെടുത്തത് വലിയ വാർത്തയായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ജാസി തന്റെ നിലപാട് വ്യക്തമാക്കിയത്. “എനിക്ക് ആ പാർട്ടിയോട് വിയോജിപ്പുള്ളത് കൊണ്ടല്ല, പകരം ഞാൻ ഒരു സഖാവാണ്. എനിക്ക് എന്റെ പാർട്ടിയാണ് വലുത്. അതുകൊണ്ട് എത്ര തുക വാഗ്ദാനം ചെയ്താലും ഞാൻ ബിജെപിയിലേക്ക് പോകില്ല. പ്രമുഖരായ ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിൽ ചേർന്നപ്പോൾ അത് വലിയ ചർച്ചയായി. എല്ലാ പാർട്ടികളിലേക്കും ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ വരുന്നുണ്ട്,” ജാസി പറഞ്ഞു.
മലപ്പുറം സ്വദേശിയായ ജാസി തന്റെ നിലപാടുകൾ തുറന്നു പറയുന്നതിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും തന്റെ സ്വത്വം വെളിപ്പെടുത്തിയതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ചാണ് ജാസി മുന്നോട്ട് പോകുന്നത്. ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകളിലും ജാസിയുടെ പേര് സജീവമാണ്. നേരത്തെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.

