കണ്ണൂർ: കെ. സുധാകരനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ സുധാകരൻ അനുകൂലികൾ തെരുവിലിറങ്ങി. സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക് മുകളിൽ ‘കെഎസ് ബ്രിഗേഡ്’ എന്ന പേരിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ മണ്ഡലത്തിൽ യുഡിഎഫ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.(K Sudhakaran wave in Kannur, Will Sunny Joseph face a crisis in Peravoor?)
നന്ദിയില്ലെങ്കിലും നന്ദികേട് ആവരുത് എന്ന വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. സണ്ണി ജോസഫിന്റെ രാഷ്ട്രീയ വളർച്ചയിൽ സുധാകരൻ നൽകിയ പിന്തുണയെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ പ്രതിഷേധം. കൊട്ടിയൂർ, ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ സണ്ണി ജോസഫിന്റെ ബോർഡുകൾക്ക് മുന്നിലായി സുധാകരനെ പിന്തുണയ്ക്കുന്ന എട്ടോളം വലിയ ഫ്ലക്സ് ബോർഡുകളാണ് ഉയർന്നിട്ടുള്ളത്.
നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്നാണ് ഈ ബോർഡുകളിലെ മുന്നറിയിപ്പ്. കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ സുധാകരൻ അനുകൂലികൾ പന്തം കൊളുത്തി പ്രകടനം നടത്തി. അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ് എന്ന മുദ്രാവാക്യങ്ങളുമായാണ് അണികൾ പ്രതിഷേധിക്കുന്നത്.

