ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഇന്ധന ലഭ്യതയിൽ അനിശ്ചിതത്വം നേരിടവെ, ചൈനയിലേക്ക് പോകുകയായിരുന്ന റഷ്യൻ ക്രൂഡ് ഓയിൽ ടാങ്കർ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു. ‘ദി അക്വാ ടൈറ്റൻ’ എന്ന ഭീമൻ ടാങ്കർ ആണ് ഇന്ത്യയിലേക്ക് ദിശമാറ്റിയത്.(Russian Oil Tanker Bound For China Makes U-Turn, Heading To India)
വിവരങ്ങൾ പ്രകാരം ജനുവരിയിൽ ബാൾട്ടിക് കടലിൽ നിന്ന് എണ്ണ നിറച്ച് ചൈനയിലെ റിഷാവോ തുറമുഖത്തേക്ക് പുറപ്പെട്ടതായിരുന്നു അക്വാ ടൈറ്റൻ. എന്നാൽ തെക്കൻ ചൈനാ കടലിൽ വെച്ച് പെട്ടെന്ന് ദിശമാറ്റിയ കപ്പൽ ഇപ്പോൾ ഇന്ത്യയിലേക്ക് വരികയാണ്. മാർച്ച് 21-ന് ഈ കപ്പൽ ന്യൂ മംഗളൂരു തുറമുഖത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ റിഫൈനറികൾ ഏകദേശം 30 ദശലക്ഷം ബാരൽ എണ്ണയാണ് റഷ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് അനുമതി നൽകിയതും ഈ നീക്കത്തിന് വേഗത കൂട്ടി.

