കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന്പുറത്താക്കി സി.പി.ഐ എം. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ താല്പര്യമല്ലെന്നും സംഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചെടുത്ത തീരുമാനമാണെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.(CPIM expels TK Govindan from Party)
സ്ഥാനാർത്ഥിത്വത്തിന്റെ മാനദണ്ഡം ബന്ധുത്വമല്ലെന്ന് രാഗേഷ് വ്യക്തമാക്കി. പി.കെ. ശ്യാമളയ്ക്ക് വിപുലമായ പ്രവർത്തന പരിചയമുണ്ട്. അത് പരിഗണിച്ചാണ് പാർട്ടി അവരെ നിയോഗിച്ചത്. മറ്റ് പല നേതാക്കളുടെയും ഭാര്യമാരും ബന്ധുക്കളും പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവരും സ്ഥാനാർത്ഥികളായിട്ടുള്ളവരുമാണ്. ശ്യാമളയുടെ കാര്യത്തിൽ മാത്രം അത് വിവാദമാക്കേണ്ടതില്ല.
ടി.കെ. ഗോവിന്ദന് പാർലമെന്ററി മോഹമാണെന്നും സ്വന്തം പേര് അദ്ദേഹം തന്നെ നിർദ്ദേശിക്കുകയായിരുന്നുവെന്നും രാഗേഷ് വിമർശിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയായ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കാനുള്ള തീരുമാനം പാർട്ടി മര്യാദകൾക്ക് നിരക്കാത്തതാണെന്ന് ആരോപിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. എം.വി. ഗോവിന്ദൻ മൂന്ന് തവണ പ്രതിനിധീകരിച്ച മണ്ഡലം ഭാര്യയ്ക്ക് നൽകുന്നത് വഴി പരോക്ഷമായി അദ്ദേഹം തന്നെ അധികാരം നിലനിർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

