തൃശൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി ട്വന്റി20യുടെ ഡോ. വർഗീസ് ജോർജ് മത്സരിക്കും. ബി. ഗോപാലകൃഷ്ണൻ മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന സീറ്റാണ് അവസാന നിമിഷം ഘടകകക്ഷിയായ ട്വന്റി20ക്ക് വിട്ടുകൊടുത്തത്. ഇതോടെ മണ്ഡലത്തിൽ ഗോപാലകൃഷ്ണനായി തുടങ്ങിയിരുന്ന ചുവരെഴുത്തുകളും പ്രചാരണ പ്രവർത്തനങ്ങളും ബിജെപി പ്രവർത്തകർ നിർത്തിവെച്ചു.(B Gopalakrishnan will not have seat in Kodungallur, Unexpected change in NDA)
എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് മേഖലകളിൽ പിഎച്ച്ഡി ബിരുദമുള്ള വർഗീസ് ജോർജ് സ്വദേശത്തും വിദേശത്തുമായി വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ട്വന്റി20 പാർട്ടിയുടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റാണ്. കൊടുങ്ങല്ലൂർ സീറ്റിനായി എൻഡിഎയിലെ പ്രധാന ഘടകകക്ഷികളായ ബിഡിജെഎസും ട്വന്റി20യും അവകാശവാദം ഉന്നയിച്ചിരുന്നു.
ബി. ഗോപാലകൃഷ്ണന്റെ പേരിൽ ചുവരെഴുത്തുകൾ നടന്നുകൊണ്ടിരിക്കെയാണ് സീറ്റ് തർക്കം രൂക്ഷമായത്. ഇതേത്തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെടുകയും ബിജെപി സീറ്റ് വിട്ടുനൽകാൻ തീരുമാനിക്കുകയുമായിരുന്നു. ഗോപാലകൃഷ്ണനെ തൃശൂർ ജില്ലയിലെ മറ്റേതെങ്കിലും മണ്ഡലത്തിൽ പരിഗണിക്കുമോ അതോ പട്ടികയിൽ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

