കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ്ണവില ഇന്ന് വർദ്ധിച്ചു. പവന് 880 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,16,320 രൂപയായി.(Kerala Gold price hiked, know about today’s rate )
പവന് 880 രൂപ കൂടി 1,16,320 രൂപ എന്ന നിലയിലും, ഗ്രാമിന് 110 രൂപ കൂടി 14,540 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസം ഒന്നിന് സ്വർണ്ണവില സർവ്വകാല റെക്കോർഡായ 1,26,920 രൂപയിൽ എത്തിയിരുന്നു.
എന്നാൽ തുടർന്ന് ആഗോള വിപണിയിലുണ്ടായ മാറ്റങ്ങൾ പ്രതിഫലിച്ചതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ പവന് 11,000 രൂപയിലധികം കുറഞ്ഞു. ഈ വലിയ ഇടിവിന് ശേഷമാണ് ഇന്ന് വില വീണ്ടും ഉയർന്നു തുടങ്ങിയത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

