സൈബർ തട്ടിപ്പുകളും ഹാക്കിങ്ങും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വാട്സ്ആപ്പ് നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. (How to Secure WhatsApp, 5 Security Features You Must Know)
1. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പുകള്‍
വാട്സ്ആപ്പ് സന്ദേശങ്ങൾ പോലെ തന്നെ ഇപ്പോൾ ചാറ്റ് ബാക്കപ്പുകളും പൂർണ്ണമായും സുരക്ഷിതമാണ്. ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ സൂക്ഷിക്കുന്ന ബാക്കപ്പുകൾക്ക് പാസ്വേഡ് അല്ലെങ്കിൽ 64 അക്ക എന്‍ക്രിപ്ഷന്‍ കീ നൽകി സംരക്ഷിക്കാം.
സെറ്റിങ്സ്: സെറ്റിങ്സ് > ചാറ്റ് > ചാറ്റ് ബാക്കപ്പ് > എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പ് ഓൺ ചെയ്യുക.
2. ടു-സ്റ്റെപ്പ് വെരിഫിക്കേഷന്
ഹാക്കർമാർ നിങ്ങളുടെ അക്കൗണ്ടിലേക്ക് കടന്നുകയറുന്നത് തടയാനുള്ള ഏറ്റവും മികച്ച മാർഗമാണിത്. ഇത് ഓൺ ചെയ്താൽ, മറ്റൊരു ഫോണിൽ നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ നിങ്ങൾ സെറ്റ് ചെയ്ത ആറക്ക പിൻ (PIN) ആവശ്യമായി വരും.
സെറ്റിങ്സ്: സെറ്റിങ്സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷന് > ടേൺ ഓൺ (Turn on).
3. പ്രൊഫൈൽ വിവരങ്ങളുടെ നിയന്ത്രണം
നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ്, ലാസ്റ്റ് സീൻ തുടങ്ങിയ വിവരങ്ങൾ ആർക്കൊക്കെ കാണാം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ‘എല്ലാവർക്കും’, ‘കോൺടാക്റ്റിലുള്ളവർക്ക് മാത്രം’ അല്ലെങ്കിൽ ‘ആർക്കും വേണ്ട’ എന്നിങ്ങനെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം.
സെറ്റിങ്സ്: സെറ്റിങ്സ് > പ്രൈവസി (Privacy) എന്നതിൽ പോയി മാറ്റങ്ങൾ വരുത്താം.
4. ഡിസപ്പിയറിങ് മെസേജസ്
അയക്കുന്ന സന്ദേശങ്ങൾ നിശ്ചിത സമയത്തിന് ശേഷം സ്വയമേവ അപ്രത്യക്ഷമാകുന്ന ഫീച്ചറാണിത്. 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെ സമയം ക്രമീകരിക്കാം. വ്യക്തിഗത ചാറ്റുകൾക്കോ ഗ്രൂപ്പുകൾക്കോ ഇത് ബാധകമാക്കാം.
സെറ്റിങ്സ്: ചാറ്റ് ഓപ്പൺ ചെയ്ത് പ്രൊഫൈൽ ക്ലിക്ക് ചെയ്യുക > ഡിസപ്പിയറിങ് മെസേജസ് എന്നത് സെലക്ട് ചെയ്യുക.
5. ചാറ്റ് ലോക്ക്
ഏറ്റവും സ്വകാര്യമായ സംഭാഷണങ്ങൾ മറ്റാർക്കും കാണാൻ കഴിയാത്ത വിധം ലോക്ക് ചെയ്തു വെക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. വിരലടയാളം, ഫേസ് ഐഡി അല്ലെങ്കിൽ ഫോൺ പാസ്കോഡ് ഉപയോഗിച്ച് മാത്രമേ ഈ ചാറ്റുകൾ തുറക്കാൻ കഴിയൂ.
സെറ്റിങ്സ്: ലോക്ക് ചെയ്യേണ്ട ചാറ്റ് ഓപ്പൺ ചെയ്യുക > പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക > ചാറ്റ് ലോക്ക് (Chat Lock) ഓൺ ചെയ്യുക.

