കോഴിക്കോട്: ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമളാനിലെ അവസാന പത്തിലെ പ്രധാന ദിനമായ 25-ാം രാവിൽ (മാർച്ച് 14, ശനിയാഴ്ച) കാരന്തൂർ മർകസിൽ വിപുലമായ ആത്മീയ സമ്മേളനം നടക്കും (Markaz Karanthur Ramadan 25). ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ഞായറാഴ്ച പുലർച്ചെ ഒരു മണി വരെ നീളുന്ന സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
ശനിയാഴ്ച ളുഹ്ർ നിസ്കാരത്തിന് ശേഷം ഉദ്ഘാടന ചടങ്ങുകളോടെ സമ്മേളനത്തിന് തുടക്കമാകും.ദൗറത്തുൽ ഖുർആൻ, സകാത്ത് പഠന വേദി, ഖത്മ് ദുആ, ഹലാവത്തുൽ ഖുർആൻ ആസ്വാദന സദസ്സ് എന്നിവ ഉച്ചയ്ക്ക് ശേഷം നടക്കും.മഹ്‌ളറത്തുൽ ബദ്‌രിയ്യ, വിർദുല്ലത്വീഫ്, തൗബ, തഹ്‌ലീൽ, അസ്മാഉൽ ഹുസ്ന തുടങ്ങിയ പ്രാർത്ഥനകൾക്ക് പണ്ഡിതർ നേതൃത്വം നൽകും.
സമ്മേളനത്തിനെത്തുന്നവർക്കായി വിപുലമായ ‘ഗ്രാൻഡ് കമ്മ്യൂണിറ്റി ഇഫ്താർ’ മർകസിൽ ഒരുക്കും.മസ്ജിദുൽ ഹാമിലിയിലെ തസ്ബീഹ്, അവ്വാബീൻ, തറാവീഹ്, വിത്ർ നിസ്കാരങ്ങൾക്ക് ശേഷം രാത്രി 10 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ ആത്മീയ പൊതുസമ്മേളനം ആരംഭിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും അനുഗ്രഹ പ്രാർത്ഥനയുമാണ് സമ്മേളനത്തിലെ പ്രധാന ആകർഷണം.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയ പ്രമുഖ പണ്ഡിതരും സാദാത്തുക്കളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വിശ്വാസികളുടെ തിരക്ക് പരിഗണിച്ച് ക്യാമ്പസിലും പരിസരത്തും വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
Story Summary:
Markazu Saqafathi Ssunniyya in Karanthur, Kozhikode, will host a massive spiritual gathering on the 25th night of Ramadan (March 14, 2026). Indian Grand Mufti Kanthapuram A.P. Aboobacker Musliyar will lead the annual Ramadan speech and prayer. Thousands of devotees from across India are expected to attend the event.

