സത്താറ: പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യാൻ ആറാം ക്ലാസ്സിലെ വിദ്യാർത്ഥിനികളെ ചുമതലപ്പെടുത്തി മഹാരാഷ്ട്രയിലെ സ്കൂൾ അധ്യാപകൻ (Class 6 Students Evaluating Class 10 Exams). മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള ഫൽത്താൻ താലൂക്കിലെ ഉത്തരേശ്വർ ഹൈസ്കൂളിലാണ് വിവാദമായ ഈ സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉയരുന്നത്.
ഉത്തരേശ്വർ ഹൈസ്കൂളിലെ വൈഭവ് ഷെൻഡെ എന്ന അധ്യാപകനാണ് പത്താം ക്ലാസ്സിലെ മറാത്തി പരീക്ഷയുടെ പേപ്പറുകൾ ആറാം ക്ലാസ്സിലെ കുട്ടികളെക്കൊണ്ട് നോക്കിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളിൽ അധ്യാപകൻ കുട്ടികൾക്കൊപ്പം ഇരിക്കുന്നതും എല്ലാവരും ചേർന്ന് ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതും വ്യക്തമാണ്. വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിക്കുന്ന ഇത്തരം അനാസ്ഥകൾ ബോർഡ് പരീക്ഷയുടെ വിശ്വാസ്യതയെത്തുടന്നെ ചോദ്യം ചെയ്യുന്നതാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സ്കൂൾ അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ലെങ്കിലും, അധ്യാപകൻ വൈഭവ് ഷെൻഡെയ്ക്കും സ്കൂൾ ഭരണസമിതിക്കും എതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് (MSBSHSE) നിലവിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ നടത്തിക്കൊണ്ടിരിക്കെയാണ് ഇത്തരമൊരു വീഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 20-ന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 10-ന് ആരംഭിച്ച പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാർച്ച് 18-നാണ് അവസാനിക്കുന്നത്. പരീക്ഷാ മൂല്യനിർണ്ണയത്തിൽ ഇത്രയും വലിയ അശ്രദ്ധ കാണിച്ച സ്കൂളിനെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Summary: A shocking incident has been reported from Satara, Maharashtra, where a teacher at Uttreshwar High School allegedly tasked Class 6 students with evaluating Class 10 Marathi board exam papers.

