വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിൽ അമേരിക്ക നിർണ്ണായക വിജയം നേടിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫലം നിശ്ചയിക്കപ്പെട്ടുവെന്നും ദൗത്യം പൂർത്തിയാകുന്നത് വരെ അമേരിക്കൻ സൈന്യം മധ്യപൂർവേഷ്യയിൽ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കെന്റക്കിയിലെ ഹെബ്രോണിൽ നടന്ന കൂറ്റൻ റാലിയിലാണ് ട്രംപിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.(Trump claims America has won the War with Iran)
ഏറ്റുമുട്ടലിൽ ഇറാന്റെ 58 നാവികസേനാ കപ്പലുകൾ തകർക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ യുഎസ് സൈന്യം പിൻവാങ്ങില്ല. ഇറാന്റെ പുതിയ നേതൃത്വത്തിന് ഇനി എന്ത് സംഭവിക്കുമെന്ന് ലോകം കാത്തിരുന്ന് കാണട്ടെ എന്ന പരോക്ഷമായ മുന്നറിയിപ്പും ട്രംപ് നൽകി.
അതേസമയം, അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാൻ നടത്തുന്നതെന്നും ഇത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
പ്രമേയം അവതരിപ്പിച്ചത് ബഹ്റൈൻ ആണ്. 15 അംഗ സമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റഷ്യ അവതരിപ്പിച്ച ബദൽ പ്രമേയം സഭയിൽ പരാജയപ്പെട്ടു. യുഎൻ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇറാൻ ആരോപിച്ചു.

