ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി എന്നിവർക്ക് നേരെ വെടിവെപ്പ്. ബുധനാഴ്ച വൈകുന്നേരം ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് മേഖലയിലാണ് സംഭവം. ഇരുവരും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.(Farooq Abdullah, J&K deputy CM unhurt after assassination attempt)
സംഭവവുമായി ബന്ധപ്പെട്ട് അക്രമിയായ കമൽ സിങ് ജംവാളിനെ (70) പോലീസ് സംഭവസ്ഥലത്തു വെച്ചുതന്നെ പിടികൂടി. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രേറ്റർ കൈലാഷിലെ റോയൽ പാർക്കിലാണ് സംഭവം. പാർട്ടി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു നേതാക്കൾ.
വിവാഹവേദിക്ക് പുറത്ത് കാത്തുനിന്ന അക്രമി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമി വെടിവെച്ച ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഒരു പോലീസ് ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ചേർന്ന് ഇയാളെ ബലംപ്രയോഗിച്ച് കീഴടക്കി. പ്രതിയുടെ പക്കൽ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. ദൈവം കരുണയുള്ളവനാണ്. വലിയൊരു അപകടത്തിൽ നിന്നാണ് പിതാവ് രക്ഷപ്പെട്ടത്. നിറതോക്കുമായി ഒരാൾക്ക് അദ്ദേഹത്തിന് നേരെ വെടിയുതിർക്കാൻ സാധിച്ചു എന്നത് ഞെട്ടിക്കുന്നതാണ്, ഒമർ അബ്ദുള്ള പറഞ്ഞു.
മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായ ആശങ്ക രേഖപ്പെടുത്തി. Z+ (NSG) സുരക്ഷയുള്ള ഒരു നേതാവിന്റെ തൊട്ടടുത്തെത്താൻ അക്രമിക്ക് എങ്ങനെ സാധിച്ചു എന്നത് ഗൗരവകരമായ ചോദ്യമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

