വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരേതനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഒന്നിച്ചുള്ള ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തൽ (Fake Trump Epstein Video Viral AI). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഈ വീഡിയോയ്ക്ക് പിന്നിൽ ഇറാന്റെ അനുകൂലികളായ പ്രൊപ്പഗണ്ട ശൃംഖലയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗിലെ ഗവേഷകർ വെളിപ്പെടുത്തി. എക്സ് പ്ലാറ്റ്‌ഫോമിലൂടെ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
കണ്ണുകൾ മൂടിക്കെട്ടിയ പെൺകുട്ടികൾക്ക് മുന്നിലൂടെ ട്രംപിനെപ്പോലെയുള്ള ഒരാൾ നടന്നുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടർന്ന് എപ്സ്റ്റീനുമായി ട്രംപ് സംസാരിക്കുന്ന പഴയ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘HDX News’ എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഈ വീഡിയോയ്ക്ക് മാത്രം 68 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. ഇറാൻ യുദ്ധത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് എപ്സ്റ്റീൻ ചർച്ചകൾ വീണ്ടും കൊണ്ടുവരുന്നതെന്ന തരത്തിലുള്ള കുറിപ്പുകളോടെയാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ വിദഗ്ധ പരിശോധനയിൽ ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി.
ഇറാൻ സർക്കാരിനെ പിന്തുണയ്ക്കുന്ന പതിനഞ്ചോളം അജ്ഞാത അക്കൗണ്ടുകൾ വഴിയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന് ഐഎസ്ഡി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സന്ദർശകരെ ആകർഷിക്കാൻ എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉപയോഗിക്കുകയും തുടർന്ന് അവർക്കിടയിൽ രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുകയുമാണ് ഇവരുടെ ശൈലി. ഫെബ്രുവരി 28-ന് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇത്തരം വ്യാജ വീഡിയോകളുടെയും സൈബർ യുദ്ധത്തിന്റെയും വേഗത വർദ്ധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ‘HDX News’, ‘GPX News’ എന്നീ അക്കൗണ്ടുകൾ എക്സ് സസ്പെൻഡ് ചെയ്തു. യുദ്ധകാലത്തെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സ് വക്താവ് നികിത ബിയർ വ്യക്തമാക്കി. വ്യാജ വീഡിയോകൾ പങ്കുവെക്കുന്നവരുടെ വരുമാനം റദ്ദാക്കുമെന്നും ആവർത്തിച്ചാൽ അക്കൗണ്ടുകൾ സ്ഥിരമായി നിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ യുഎസ്-ഇസ്രായേൽ നീക്കങ്ങളെ വിമർശിക്കാനും ഇറാനെ അനുകൂലിക്കാനുമായി വൻതോതിൽ വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
Summary
A viral AI-generated video appearing to show Donald Trump with young girls linked to Jeffrey Epstein has been debunked as a fake produced by a pro-Iran propaganda network. Researchers from the Institute for Strategic Dialogue (ISD) identified a cluster of anonymous accounts on X spreading the clip to distract from the ongoing Middle East conflict.

