മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് യാത്രാ സൗകര്യങ്ങളില്ലാതെ ദുബായിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാർക്ക് ആശ്വാസമായി ഇന്ത്യൻ വ്യവസായിയുടെ കാരുണ്യഹസ്തം (Indian Businessman Dubai Stranded Indians Shelter). അൽ മിസാൻ ഗ്രൂപ്പ് ചെയർമാൻ യോഗേഷ് ദോഷിയാണ് തന്റെ ഉടമസ്ഥതയിലുള്ള 64 അപ്പാർട്ട്‌മെന്റുകളടങ്ങിയ റെസിഡൻഷ്യൽ കെട്ടിടം ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്കായി തുറന്നുകൊടുത്തത്. താമസസൗകര്യത്തിന് പുറമെ ഇവർക്ക് സൗജന്യമായി ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും അദ്ദേഹം ഉറപ്പാക്കുന്നുണ്ട്.
യുഎഇയിലെ ഇന്ത്യൻ പീപ്പിൾസ് ഫോറവുമായും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായും സഹകരിച്ചാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടക്കുന്നത്.
കുട്ടികളടക്കമുള്ള കുടുംബങ്ങൾ ഉൾപ്പെടെ 125-ലധികം ഇന്ത്യക്കാർക്ക് നിലവിൽ ഇവിടെ താൽക്കാലിക അഭയം ലഭിച്ചിട്ടുണ്ട്. ഹോട്ടൽ ബുക്കിംഗുകൾ അവസാനിക്കുകയും സംഘർഷാവസ്ഥ കാരണം താമസം നീട്ടാൻ കഴിയാതിരിക്കുകയും ചെയ്ത പലർക്കും ഈ നീക്കം വലിയ ആശ്വാസമായി. സുരക്ഷാ ഭീഷണികൾക്കിടയിൽ എങ്ങോട്ട് പോകണമെന്നറിയാതെ നിന്ന തങ്ങൾക്ക് ഈ അപ്പാർട്ട്‌മെന്റുകൾ വലിയൊരു തണലായെന്ന് യാത്രക്കാർ പറഞ്ഞു.
മറ്റൊരു ഇന്ത്യൻ വ്യവസായിയായ ധീരാജ് ജെയിനും സമാനമായ രീതിയിൽ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. അജ്മാനിലുള്ള തന്റെ വലിയ ഫാം ഹൗസ് അദ്ദേഹം ദുരിതബാധിതർക്കായി വിട്ടുനൽകി. ഹോട്ടലുകളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും യാത്രക്കാരെ എത്തിക്കുന്നതിനായി ആറ് റോൾസ് റോയ്‌സ് കാറുകൾ ഉൾപ്പെടെ 11 വാഹനങ്ങളാണ് അദ്ദേഹം വിട്ടുനൽകിയിരിക്കുന്നത്. ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ ആരംഭിച്ച യുദ്ധസാഹചര്യമാണ് പ്രവാസികളെയും വിനോദസഞ്ചാരികളെയും പ്രതിസന്ധിയിലാക്കിയത്.

