ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുമായി കേന്ദ്രം. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം മുടങ്ങാതെ ലഭ്യമാക്കുന്നതിനായി പ്രത്യേക കർമ്മപദ്ധതി സർക്കാർ പ്രഖ്യാപിച്ചു.(LPG crisis, Center forms three-member committee)
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്കുള്ള എൽപിജി വിതരണം പുനഃപരിശോധിക്കാനും നിയന്ത്രിക്കാനും എണ്ണക്കമ്പനികളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നത് തടയാൻ പുതിയ ബുക്കിംഗുകൾക്കിടയിലുള്ള കാലയളവ് 21 ദിവസത്തിൽ നിന്ന് 25 ദിവസമായി ഉയർത്തി.
റെസ്റ്റോറന്റുകൾക്കുമുള്ള കമേഴ്സ്യൽ സിലിണ്ടറുകളുടെ വിതരണത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഗാർഹിക സിലിണ്ടറുകൾക്ക് മാത്രമാണ് മുൻഗണന. പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവ എൽപിജി നിർമ്മാണത്തിനായി മാത്രം ഉപയോഗിക്കാൻ റിഫൈനറികൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകി.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യം സുരക്ഷിതമാണെന്നുമാണ് സർക്കാർ നൽകുന്ന ഉറപ്പ്. ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളും എട്ടാഴ്ചത്തേക്ക് രാജ്യത്ത് ലഭ്യമാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ റഷ്യ, നോർവേ, അൾജീരിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണയും വാതകവും എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

