വാഷിംഗ്ടൺ: ഇറാന്റെ മിസൈൽ പദ്ധതികൾ പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് സൈനിക ഉത്തരവിട്ടു. CENTCOM കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ മിസൈൽ ഉൽപ്പാദന ശേഷിയും പുനർനിർമ്മാണ ശേഷിയും തകർക്കുകയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ലക്ഷ്യം.(Iran’s missile base must be destroyed, CENTCOM on Trump’s decisive order)
യുഎസിന്റെ അത്യാധുനിക ബി-2 സ്പിരിറ്റ് ബോംബറുകൾ ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ ഡസൻ കണക്കിന് ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു. ഇറാനിയൻ നാവികസേനയെ പൂർണ്ണമായും തകർക്കുന്ന ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്ന് യുഎസ് വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്തെ വിമാനവാഹിനിക്കപ്പലിന്റെ വലിപ്പമുള്ള ഡ്രോൺ വാഹിനി കപ്പലിനെ യുഎസ് നാവികസേന മുക്കി. ഇതിന്റെ ദൃശ്യങ്ങൾ CENTCOM പുറത്തുവിട്ടു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഇറാന്റെ ഏകദേശം 200 സൈനിക കേന്ദ്രങ്ങൾ യുഎസ് തകർത്തു. ടെഹ്‌റാന്റെ മിസൈൽ, ഡ്രോൺ ആക്രമണ ശേഷി ഗണ്യമായി കുറഞ്ഞതായും അഡ്മിറൽ കൂപ്പർ അവകാശപ്പെട്ടു. അമേരിക്കയുടെ അതിശക്തമായ ആക്രമണത്തിന് പിന്നാലെ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണങ്ങളുടെ വ്യാപ്തി കുത്തനെ കുറഞ്ഞതായി സെൻട്രൽ കമാൻഡ് അറിയിച്ചു.
ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ 90 ശതമാനം കുറഞ്ഞു. ഡ്രോൺ ആക്രമണങ്ങൾ 83 ശതമാനം കുറഞ്ഞു. ഭാവിയിൽ ഇറാനിയൻ മിസൈൽ ഉൽപ്പാദന ശേഷി പൂർണ്ണമായും ഇല്ലാതാക്കുന്നതുവരെ ഓപ്പറേഷൻ എപിക് ഫ്യൂറി തുടരുമെന്നും യുഎസ് സേന വ്യക്തമാക്കി.

