തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ വൻ പ്രതിഷേധം. സിഎംപി നേതാവ് സി.പി. ജോണിനെ മത്സരിപ്പിക്കുന്നതിനെതിരെ പത്തോളം ഡിസിസി ഭാരവാഹികൾ നേതൃത്വത്തിന് കത്തയച്ചു. സീറ്റ് വിട്ടുനൽകിയാൽ തങ്ങൾ കൂട്ടത്തോടെ രാജിവെക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.(Clash in Congress over giving Thiruvananthapuram Central to CMP)
തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷികൾക്ക് വിട്ടുനൽകുന്നത് ബിജെപിക്ക് വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് ഡിസിസി ഭാരവാഹികൾ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഘടകകക്ഷിയെ മത്സരിപ്പിച്ചാൽ നേമത്തെ പരാജയം ആവർത്തിക്കുമെന്നും കോൺഗ്രസ് നേരിട്ട് തന്നെ ഇവിടെ മത്സരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
സീറ്റ് വിഭജന ചർച്ചകൾ യുഡിഎഫ് സജീവമാക്കിയിരിക്കുകയാണ്. മുസ്ലീം ലീഗിന് കഴിഞ്ഞ തവണത്തെപ്പോലെ 27 സീറ്റുകൾ നൽകാനാണ് നിലവിലെ ധാരണ. എന്നാൽ സീറ്റുകൾ പരസ്പരം വെച്ചുമാറുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തിരുവമ്പാടി വിട്ടുനൽകാൻ തയ്യാറായ ലീഗിന് പകരം പട്ടാമ്പി നൽകുന്ന കാര്യമാണ് ഇപ്പോൾ പരിഗണനയിലുള്ളത്. പുനലൂർ, ചടയമംഗലം സീറ്റുകൾ കോൺഗ്രസും ലീഗും തമ്മിൽ വെച്ചുമാറുന്ന കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്.

