ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ ചരിത്രപ്രസിദ്ധമായ ഗോലെസ്ഥാൻ കൊട്ടാരം വ്യോമാക്രമണത്തിൽ തകർന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ വാസ്തുവിദ്യാ അത്ഭുതം യുഎസ്-ഇസ്രായേൽ സംയുക്ത സൈന്യത്തിന്റെ ആക്രമണത്തിലാണ് നാമാവശേഷമായത്. ഞായറാഴ്ച വൈകുന്നേരം തെക്കൻ തെഹ്റാനിലെ അരഗ് സ്ക്വയറിൽ നടന്ന സ്ഫോടനങ്ങളുടെ ആഘാതത്തിൽ കൊട്ടാരത്തിന്റെ പ്രധാന ഭാഗങ്ങൾ തകർന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Iran’s heritage shattered in the Middle Asian war, Golestan Palace destroyed)
പതിനാറാം നൂറ്റാണ്ടിൽ സഫാവിദ് ഭരണകാലത്ത് നിർമ്മാണം ആരംഭിച്ച ഗോലെസ്ഥാൻ കൊട്ടാരം, പേർഷ്യൻ-യൂറോപ്യൻ വാസ്തുശൈലികളുടെ അപൂർവ്വ സംഗമസ്ഥാനമായിരുന്നു. ഖജർ, പഹ്ലവി രാജവംശങ്ങളുടെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. 1967-ൽ മുഹമ്മദ് റെസ ഷായുടെ കിരീടധാരണം ഉൾപ്പെടെയുള്ള ചരിത്ര സംഭവങ്ങൾക്ക് ഈ കൊട്ടാരം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
മാർബിൾ സിംഹാസനം, കണ്ണാടിപ്പണികൾ കൊണ്ട് വിസ്മയിപ്പിക്കുന്ന മിറർ ഹാൾ, മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന സലാം ഹാൾ, അപൂർവ്വ കൈയെഴുത്തുപ്രതികളുടെ ലൈബ്രറി എന്നിവ ഉൾപ്പെടുന്ന 17-ഓളം ഘടനകൾ ഈ സമുച്ചയത്തിന്റെ ഭാഗമായിരുന്നു. ലോക പൈതൃക സ്ഥലത്തിന് സംഭവിച്ച നാശനഷ്ടങ്ങളിൽ യുനെസ്കോ ശക്തമായ ആശങ്ക രേഖപ്പെടുത്തി. സ്ഫോടനത്തിന്റെ ആഘാത തരംഗങ്ങൾ കൊട്ടാരത്തിന്റെ അടിത്തറയെയും ചുവരുകളെയും ബാധിച്ചതായി യുനെസ്കോ സ്ഥിരീകരിച്ചു.

