മീനാബ്: ദക്ഷിണ ഇറാനിലെ മീനാബ് നഗരത്തിലുള്ള ഷാജറെ തയ്യേബ (Shajareh Tayyebeh) പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 165 പേർക്കായി ഇറാൻ ചൊവ്വാഴ്ച വിലാപയാത്രയും വൻ ജനകീയ പ്രാർത്ഥനയും സംഘടിപ്പിച്ചു (Iran Mass Funeral Minab School Attack). കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാർത്ഥിനികളാണ്. കൊല്ലപ്പെട്ടവരിൽ 148 പേരും കുട്ടികളാണെന്നാണ് ഇറാന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചും അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും ഇറാൻ ജനത തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.
വിലാപയാത്രയ്ക്കിടെ വേദിയിലെത്തിയ ഒരു അമ്മ തന്റെ മകളായ “അറ്റേന”യുടെ ചിത്രം ഉയർത്തിപ്പിടിച്ച് ഇത് “അമേരിക്കൻ ക്രൂരതയുടെ രേഖയാണെന്ന്” വിളിച്ചുപറഞ്ഞു. വിങ്ങിക്കരയുന്ന മാതാപിതാക്കളെയും തകർന്ന സ്‌കൂൾ ബാഗുകളും പുസ്തകങ്ങളും ചേർത്തുപിടിച്ചു നിൽക്കുന്ന ബന്ധുക്കളെയും കൊണ്ട് മീനാബിലെ പൊതുചതുരം നിറഞ്ഞു. ചടങ്ങിലുടനീളം “അമേരിക്കയ്ക്ക് മരണം”, “ഇസ്രായേലിന് മരണം”, “ഞങ്ങൾ കീഴടങ്ങില്ല” എന്നീ മുദ്രാവാക്യങ്ങൾ ആവർത്തിച്ച് മുഴങ്ങിക്കൊണ്ടിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആശുപത്രികളിൽ സ്ഥലമില്ലാത്തതിനാൽ പ്രത്യേക ശീതീകരിച്ച വാഹനങ്ങൾ ഉപയോഗിക്കേണ്ടി വന്നുവെന്ന റിപ്പോർട്ടുകൾ പറയുന്നു.
സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ ആരോപിച്ചു. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെയാണ് സ്കൂൾ കെട്ടിടം തകർക്കപ്പെട്ടത്. എന്നാൽ, മീനാബ് മേഖലയിൽ തങ്ങൾ ആക്രമണം നടത്തിയതായി അറിവില്ലെന്നാണ് ഇസ്രായേൽ സൈനിക വക്താവ് അവകാശപ്പെട്ടത്. സിവിൽ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാറില്ലെന്നും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നീക്കമെന്നും അവർ വാദിക്കുന്നുണ്ടെങ്കിലും, സ്കൂൾ കെട്ടിടം തകർന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയും ഇസ്രായേലും ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇതിനിടെ സാധാരണക്കാരായ കുട്ടികൾ കൊല്ലപ്പെട്ട സംഭവം ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായ് ഉൾപ്പെടെയുള്ളവർ സംഭവത്തെ അപലപിച്ചു.

