മുംബൈ: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആഗോള വിമാന ഗതാഗതത്തെ പൂർണ്ണമായും നിശ്ചലമാക്കിയിരിക്കുകയാണ്. ഇതിനിടെ മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മുംബൈ സ്വദേശിയായ എഞ്ചിനീയർ സുനിൽ ഗുപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. ഭക്ഷണത്തിനോ വെള്ളത്തിനോ പോലും പണമില്ലാതെ താൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.(Indian Engineer Stuck In Moscow Cries For Help Amid Rising US-Iran Tensions)
വിമാനം റദ്ദാക്കിയതോടെ അധികൃതർ തന്നെ കൈവിട്ടതായി അദ്ദേഹം ആരോപിച്ചു. വിമാനത്താവളത്തിലെ സൗജന്യ വെള്ളം മാത്രം കുടിച്ചാണ് താൻ കഴിയുന്നതെന്നും റഷ്യയിൽ വിസയോ മാസ്റ്റർകാർഡോ പ്രവർത്തിക്കാത്തതിനാൽ ഒന്നും വാങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. “വിശ്വസിച്ച കമ്പനികൾ എന്നെ ഉപേക്ഷിച്ചു. ഒരു അറിയിപ്പും കൂടാതെയാണ് വിമാനം റദ്ദാക്കിയത്. ഒരു ഹോട്ടൽ വൗച്ചർ പോലും നൽകിയില്ല,” സുനിൽ വീഡിയോയിൽ പറഞ്ഞു.
വീഡിയോ വൈറലായതോടെ റഷ്യയിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടു. ആം ആദ്മി പാർട്ടി നേതാവ് റൂബൻ മസ്കരേനാസ് ഉൾപ്പെടെയുള്ളവർ എംബസിയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് സുനിലിന് താമസിക്കാൻ ഹോട്ടൽ സൗകര്യം ലഭ്യമായതായി പിന്നീട് വിവരങ്ങൾ പുറത്തുവന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ വിമാനക്കമ്പനികൾ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുകയാണ്. ഒറ്റദിവസം കൊണ്ട് നാലായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയതായാണ് റിപ്പോർട്ട് ചെയ്യുന്നത്.

