ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ച് നാലാം ദിവസവും സംഘർഷം കടുക്കുമ്പോൾ, വരാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ ഇറാന്റെ സാന്നിധ്യം സംശയ നിഴലിലാകുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന പ്രധാന രാജ്യം അമേരിക്കയായതിനാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇറാൻ താരങ്ങൾക്ക് അവിടെ കളിക്കാൻ അനുമതി ലഭിക്കുമോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്.(War intensifies, Will Iran play in the World Cup?)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് നേരത്തെ തന്നെ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങൾക്ക് നിലവിൽ ചില ഇളവുകൾ ഉണ്ടെങ്കിലും, യുദ്ധം നേരിട്ട് നടക്കുന്ന സാഹചര്യത്തിൽ യുഎസ് ഭരണകൂടം കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയേക്കാം. ഇറാൻ പൗരന്മാർക്ക് വിലക്കുള്ളതിനാൽ, ഇറാന്റെ മത്സരങ്ങൾ കാണാൻ അവരുടെ ആരാധകർക്ക് അമേരിക്കയിലേക്ക് എത്താൻ സാധിക്കില്ല.
ലോകകപ്പിൽ ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഉൾപ്പെട്ടിരിക്കുന്നത്. ബെൽജിയം, ഈജിപ്ത്, ന്യൂസിലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇറാന്റെ മത്സരങ്ങളെല്ലാം അമേരിക്കയിലെ വിവിധ വേദികളിലായാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കളിക്കുന്ന കാര്യം ഉറപ്പില്ലെന്ന് ഇറാൻ ഫുട്ബോൾ അധികൃതർ സൂചിപ്പിച്ചു. നേരത്തെ നടന്ന മത്സരത്തിൽ ഇറാൻ വനിതകൾ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളിലും യുഎസ് ആക്രമണത്തിലും പ്രതിഷേധിച്ചാണ് താരങ്ങൾ ദേശീയഗാനം ആലപിക്കാതെ നിശബ്ദത പാലിച്ചത്.

