ആലപ്പുഴ: മാന്നാറിൽ സാമ്പത്തിക ബാധ്യതയെത്തുടർന്ന് പിതാവ് വിഷം നൽകിയ രണ്ട് പെൺകുട്ടികളിൽ മൂത്തമകൾ ശിവനന്ദന (12) മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ മകൾ ശിവകീർത്തന ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(One of the girls poisoned by her father in Mannar dies)
കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടികളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവരുന്നതിനിടെ പിതാവ് മനോജ് കാറിൽ വെച്ച് ജ്യൂസിൽ വിഷം കലർത്തി നൽകുകയായിരുന്നു. തുടർന്ന് മനോജ് സ്വയം വിഷം കഴിച്ച് ജീവനൊടുക്കി.
പാലത്തിനരികിൽ കാറിനുള്ളിൽ മൂന്നുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയ നാട്ടുകാരാണ് ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മനോജ് മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് ശിവനന്ദനയുടെ അന്ത്യം സംഭവിച്ചത്.

