കൊല്ലം: പശ്ചിമേഷ്യയിൽ ഇറാൻ്റെ ആക്രമണം ശക്തമായതോടെ കടൽമാർഗമുള്ള യാത്ര ദുഷ്കരമായ സാഹചര്യത്തിൽ, ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പൽ കൊല്ലം തുറമുഖത്ത് അഭയം പ്രാപിച്ചു. ഒരു ഓഫ് ഷോർ സപ്ലൈ വെസൽ ആണ് സുരക്ഷാ കാരണങ്ങളാൽ യാത്ര പാതിവഴിയിൽ നിർത്തി കൊല്ലത്ത് നങ്കൂരമിട്ടത്.(Fear of war, Ship bound for Saudi Arabia anchors at Kollam port)
ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യൻ തീരത്തേക്ക് ലക്ഷ്യമിട്ടായിരുന്നു കപ്പലിൻ്റെ യാത്ര. എന്നാൽ ഗൾഫ് മേഖലയിൽ യുദ്ധം രൂക്ഷമായതോടെ മുന്നോട്ട് പോകുന്നത് അപകടമാണെന്ന് കപ്പൽ അധികൃതർ വിലയിരുത്തി. സൗദി തീരത്ത് അടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടുകയായിരുന്നു.
ഇതൊരു ചരക്ക് കപ്പലല്ലെന്നും, എണ്ണ ഖനന കേന്ദ്രങ്ങൾക്കും മറ്റും ആവശ്യമായ സാധനങ്ങളും സേവനങ്ങളും എത്തിക്കുന്ന ചെറിയ വിഭാഗത്തിൽപ്പെട്ട ഓഫ് ഷോർ സപ്ലൈ കപ്പലാണെന്നും തുറമുഖ അധികൃതർ വ്യക്തമാക്കി.പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര കപ്പൽ പാതകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിൻ്റെ സൂചനയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

