ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. ഇസ്രായേലിന് നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇതോടെ മധ്യ ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും മിസൈൽ സൈറണുകൾ മുഴങ്ങി. ദശലക്ഷക്കണക്കിന് ആളുകളെ സുരക്ഷിതമായ ബോംബ് ഷെൽട്ടറുകളിലേക്ക് മാറ്റിയിരിക്കുകയാണ്.(Assassination of Ayatollah Ali Khamenei, Iran says retaliation is imminent)
ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി (55) പിൻഗാമിയായേക്കുമെന്ന് റിപ്പോർട്ടുകൾ. അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. നാലര പതിറ്റാണ്ടായി തുടരുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയങ്ങളിൽ മാറ്റമുണ്ടാകുമോ അതോ പിതാവിന്റെ കടുത്ത നിലപാടുകൾ മുജ്തബ തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അലി ഖമേനിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ. ദീർഘകാലമായി പിതാവിന്റെ നിഴലായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിന് ഇറാന്റെ സൈനിക-ഭരണ സംവിധാനങ്ങളിൽ വലിയ സ്വാധീനമുണ്ട്. ഇറാന്റെ കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മുജ്തബ. ഔദ്യോഗിക പദവികൾ വഹിച്ചിട്ടില്ലെങ്കിലും പിതാവിന്റെ ഓഫീസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു. ഇറാനിലെ രാഷ്ട്രീയ ഘടനയിൽ പ്രസിഡന്റിനേക്കാൾ മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ സർവ്വ അധികാരങ്ങളും ഈ പദവിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ആഭ്യന്തര-വിദേശ നയങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് പരമോന്നത നേതാവാണ്.
ഖമേനിയുടെ മരണത്തിൽ അനുശോചിച്ച് ഇന്ത്യയിലെ ഷിയാ വിഭാഗം നേതാക്കൾ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രമുഖ ഷിയാ നേതാവ് മൗലാനാ സയ്ദ് കൽബേ ജവാദ് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തു. ഖമേനിയുടെ മരണം മനുഷ്യരാശിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി 8 മണിക്ക് മെഴുകുതിരിയേന്തി മാർച്ച് നടത്താനും കടകമ്പോളങ്ങൾ അടച്ചിടാനും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.
ശ്രീനഗറിലെ ലാൽ ചൗക്കിൽ ഖമേനിയുടെ ചിത്രങ്ങളുമായി വൻ പ്രതിഷേധ പ്രകടനം നടന്നു. ജെ & കെ ഷിയ അസോസിയേഷൻ ഖമേനിയുടെ കുടുംബത്തിന്റെ വധത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അടിച്ചമർത്തപ്പെട്ടവർക്ക് ഒപ്പം നിന്ന നേതാവിനെയാണ് അവർ വധിച്ചത്. ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടിലാണ് ഒപ്പുവെച്ചിരിക്കുന്നത് എന്ന് മൗലാനാ സയ്ദ് കൽബേ ജവാദ് പറഞ്ഞു.
അമേരിക്കയെ സമ്മർദ്ദത്തിലാക്കാൻ അയൽരാജ്യങ്ങളായ യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ തിരിച്ചടിയാകുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. അബുദാബിയിലുണ്ടായ ആക്രമണത്തിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടു. ദുബായിലെ ഫെയർമോണ്ട് ഹോട്ടൽ, ബുർജ് അൽ അറബ് എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.
ഗൾഫ് രാജ്യങ്ങളെ അമേരിക്കയിൽ നിന്ന് അകറ്റാൻ ഇറാൻ ശ്രമിച്ചെങ്കിലും, ഈ ആക്രമണങ്ങൾ അറബ് രാഷ്ട്രങ്ങളെ ഇറാൻ വിരുദ്ധ ചേരിയിലേക്ക് കൂടുതൽ അടുപ്പിച്ചു. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാന്റെ നടപടിയെ കഠിനമായി വിമർശിച്ചു. ആണവ ചർച്ചകളിലെ അവ്യക്തത അമേരിക്കയെ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്നും ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചതിലൂടെ ഇറാൻ നയതന്ത്രപരമായി ഒറ്റപ്പെട്ടുവെന്നും മുൻ യുഎസ് നേവി അഡ്മിറൽ കെവിൻ ഡൊണഗൻ നിരീക്ഷിച്ചു. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് യുഎഇ വ്യക്തമാക്കിയതോടെ മേഖലയിലെ സമാധാനാന്തരീക്ഷം പൂർണ്ണമായും തകർന്നിരിക്കുകയാണ്. എണ്ണ വ്യാപാരത്തെയും വിമാന ഗതാഗതത്തെയും യുദ്ധം സാരമായി ബാധിച്ചു കഴിഞ്ഞു.

