ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ (Rinku Singh) പിതാവ് ഖാൻചന്ദ് സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉത്തർപ്രദേശിലെ അലിഗഢിൽ നടന്നു. അർബുദബാധിതനായി നോയ്ഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. പിതാവിന്റെ ഭൗതികശരീരം വഹിച്ചും ചിതയ്ക്കരികെ വിതുമ്പിക്കരഞ്ഞും നിൽക്കുന്ന റിങ്കുവിന്റെ ദൃശ്യങ്ങൾ ആരാധകരെയും സഹതാരങ്ങളെയും ഒരേപോലെ നോമ്പരപ്പെടുത്തുകയാണ്. ലോകകപ്പ് ടീമിലുണ്ടായിരുന്ന റിങ്കു, പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
റിങ്കു സിങ് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരമായി വളർന്ന ശേഷവും അലിഗഢിൽ ഗ്യാസ് സിലിണ്ടർ വിതരണം നടത്തിയിരുന്ന ഖാൻചന്ദ് സിങ്ങിന്റെ ലാളിത്യം നേരത്തെ വലിയ വാർത്തയായിരുന്നു. മകന്റെ കരിയറിന്റെ തുടക്കത്തിൽ റിങ്കുവും ഇതേ ജോലിയിൽ അദ്ദേഹത്തെ സഹായിച്ചിരുന്നു. അഞ്ചു മക്കളിൽ മൂന്നാമനായ റിങ്കുവിന്റെ വളർച്ചയിൽ വലിയ പിന്തുണയാണ് ഖാൻചന്ദ് നൽകിയിരുന്നത്. ഖാൻചന്ദ് സിങ്ങിന്റെ വിയോഗവാർത്ത പുറത്തുവന്നതോടെ കായികലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
നിലവിൽ ട്വന്റി-20 ലോകകപ്പിന്റെ ഭാഗമായ റിങ്കു സിങ്, ഞായറാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക സൂപ്പർ 8 മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ദുഃഖത്തിനിടയിലും രാജ്യത്തിനായി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന താരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

