പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ പുരോഗമിക്കെ പ്രതി ചെന്താമരയ്ക്കെതിരെ സാക്ഷിയുടെ നിർണ്ണായക വെളിപ്പെടുത്തൽ (Nenmara Double Murder Case Trial). കൊലപാതകത്തിന് മുൻപ് പ്രതി തന്റെ പക്കൽ തോക്ക് ആവശ്യപ്പെട്ടിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ മൊഴി നൽകി. സ്വയരക്ഷയ്ക്കായി തോക്ക് വേണമെന്നാണ് ചെന്താമര പറഞ്ഞിരുന്നത്. കൂടാതെ കൃഷിക്കാവശ്യമെന്ന് പറഞ്ഞ് കീടനാശിനി ആവശ്യപ്പെട്ടതായും ഇതിന് താൻ സഹായിച്ചിരുന്നതായും ഹരിദാസൻ കോടതിയെ അറിയിച്ചു.
പ്രശ്നമുണ്ടാക്കാൻ വരുന്നവരെ വകവരുത്തുമെന്ന് ചെന്താമര തന്നോട് പറഞ്ഞിരുന്നതായും സാക്ഷി വെളിപ്പെടുത്തി. എലവഞ്ചേരിയിലെ ഒരു കൊല്ലപ്പണിക്കാരനോട് കൊടുവാൾ നിർമ്മിക്കാൻ പ്രതി നിർദ്ദേശം നൽകിയതായും മൊഴിയിലുണ്ട്. നെന്മാറ സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര ഈ പുതിയ ക്രൂരകൃത്യം നടത്തിയത്. 2025 ജനുവരി 27-നായിരുന്നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.
സജിത വധക്കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് ചെന്താമര കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി വകവരുത്തിയത്. അതീവ സുരക്ഷയോടെയാണ് വിചാരണ നടപടികൾ കോടതിയിൽ നടക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്ന് തെളിയിക്കുന്നതാണ് പുതിയ സാക്ഷിമൊഴികൾ. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കും.

