ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു (CBI Appeal Delhi High Court). പ്രത്യേക കോടതിയുടെ 598 പേജുള്ള വിധിന്യായത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച സിബിഐ അപ്പീൽ നൽകിയത്.
അന്വേഷണ സംഘം സമർപ്പിച്ച പല പ്രധാന വശങ്ങളും വിചാരണ കോടതി പരിഗണിച്ചില്ലെന്ന് സിബിഐ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
അപ്പീൽ നീക്കം: കേസിൽ കെജ്‌രിവാളിനെതിരെ വ്യക്തമായ തെളിവുകളില്ലെന്ന പ്രത്യേക കോടതിയുടെ നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്നാണ് സിബിഐയുടെ നിലപാട്.
നേരത്തെ കേസ് പരിഗണിച്ച പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ്, സിബിഐയുടെ കുറ്റപത്രം തള്ളിക്കൊണ്ട് അന്വേഷണ ഏജൻസിക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. കെജ്‌രിവാളിനെതിരെ നേരിട്ടുള്ള തെളിവുകളില്ല. സിസോദിയക്കും മറ്റ് പ്രതികൾക്കുമെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ല. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കെ. കവിത ഉൾപ്പെടെ 23 പ്രതികളെയാണ് കോടതി വിട്ടയച്ചിരുന്നത്.
സിബിഐ നൽകിയ അപ്പീൽ ഡൽഹി ഹൈക്കോടതി വരും ദിവസങ്ങളിൽ പരിഗണിക്കും. വിചാരണ കോടതി കുറ്റവിമുക്തരാക്കിയ കെജ്‌രിവാളിനും സിസോദിയക്കും സിബിഐയുടെ ഈ നീക്കം വലിയ രാഷ്ട്രീയ-നിയമ വെല്ലുവിളിയായി മാറും.
Story Summary: CBI has moved the Delhi High Court challenging the trial court’s order that discharged former CM Arvind Kejriwal and Manish Sisodia in the excise policy case. The CBI claimed that the special court ignored crucial investigation aspects. Earlier, Special Judge Jitendra Singh had slammed the CBI for lack of evidence while discharging 23 accused, including K. Kavitha.

