തിരുവനന്തപുരം: വിരമിച്ച അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ബോർഡിനാണ് ഈ സാമ്പത്തിക സഹായം സർക്കാർ ലഭ്യമാക്കിയത്.(Rs 20 crore allocated for pension benefits for Anganwadi workers)
ക്ഷേമനിധി ബോർഡിനായി ഈ വർഷം 5.44 കോടി രൂപയാണ് സർക്കാർ നൽകേണ്ടിയിരുന്നത്. എന്നാൽ ഇതിനകം 61.32 കോടി രൂപ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ക്ഷേമനിധി ബോർഡിനായി ബജറ്റിൽ വകയിരുത്തിയത് 21 കോടി രൂപയായിരുന്നു.
എന്നാൽ, സാമ്പത്തിക ഞെരുക്കത്തിനിടയിലും 96.21 കോടി രൂപ സർക്കാർ നൽകി. ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പെൻഷൻ ആനുകൂല്യങ്ങളിൽ മുടക്കം വരാതിരിക്കാനാണ് അധിക തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

