കോട്ടയം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ചു. സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയായിരുന്നു സന്ദർശനം. സഭയിലെ മറ്റ് ബിഷപ്പുമാരും ഈ സമയം ആസ്ഥാനത്തുണ്ടായിരുന്നു.(The goal is also to strengthen friendship with the church, Ramesh Chennithala visits the Orthodox Church headquarters)
ഔദ്യോഗിക വാഹനവും അകമ്പടികളും ഒഴിവാക്കി തികച്ചും വ്യക്തിപരമായ രീതിയിലാണ് ചെന്നിത്തല സഭ ആസ്ഥാനത്ത് എത്തിയത്. കോട്ടയത്ത് എത്തുമ്പോൾ ബാവയെ സന്ദർശിക്കുന്നത് പതിവാണെന്നും സഭയുമായി എന്നും അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദേവലോകം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണെന്നും അവിടത്തെ നിത്യസന്ദർശകനാണ് താനെന്നും ചെന്നിത്തല വ്യക്തമാക്കി. സഭ നേരിടുന്ന വിവിധ വിഷയങ്ങളിലെ ആശങ്കകൾ ബാവയുമായി സംസാരിച്ചു. സഭയുമായുള്ള ദീർഘകാല സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

