പണ്ട് നമ്മൾ സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിച്ചിരുന്ന മഷിത്തണ്ട് (Peperomia pellucida) ഇന്ന് ഭക്ഷണമായി ഉപയോഗിക്കുന്നുവെന്ന് പറയുമ്പോൾ ആരും വിശ്വസിക്കില്ല. എന്നാലിന്ന് ഈ ചെടിക്ക് അതിന്റെ ആരോഗ്യഗുണങ്ങളാൽ പ്രചാരമേറുകയാണ്. അതെ, വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, കോലുമഷി അങ്ങനെ പല പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടിക്ക് ഏറെ ആരോഗ്യഗുണങ്ങൾ ഉണ്ട്.
- ഇതിന്റെ ശാസ്ത്രീയ നാമം “പേപ്പറൊമിയ പെലുസിഡ” എന്നാണ്. സിൽവർ ബുഷ്, പെപ്പർ എൽഡർ പ്ലാന്റ്, ഷൈനിങ് ബുഷ് പ്ലാന്റ് എന്നിങ്ങനെയാണ് വിദേശരാജ്യങ്ങളിൽ ഇത് അറിയപ്പെടുന്നത്.
- ഇതിന്റെ ഇലയും തണ്ടും ചേരുന്ന തോരൻ അതിസ്വാദിഷ്ടവും ആരോഗ്യഗുണങ്ങളാൽ സമ്പന്നവുമാണ്. ഇത് ഒരു ഉത്തമ വേദന സംഹാരികൂടിയാണ്.
- മഷിത്തണ്ടിന്റെ ഇലയും തണ്ടും പിഴിഞ്ഞ് കുഴമ്പുരൂപത്തിലാക്കി നെറ്റിത്തടത്തിൽ വെച്ചാൽ തലവേദന ശമിക്കും. വൃക്കരോഗങ്ങൾ മാറ്റാൻ ഇത് പ്രയോജനപ്പെടും.
- മഷിത്തണ്ടിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ പലനാടുകളിലും ഇത് സാലഡിനകത്തും ഇടാറുണ്ട് . ഇതിന് ആന്റിബാക്റ്റീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനും ഉള്ള കഴിവുണ്ട്.
- മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കുന്നു. വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു ഔഷധമാണ് മഷിത്തണ്ട് .
- വേനൽകാലത്ത് ഇതിന്റെ ഇലയും തണ്ടും ജ്യൂസ് ആക്കി ഉപയോഗിക്കുന്നത് ശരീരത്തിലെ ചൂട് കുറക്കുകയും, ഉന്മേഷം പ്രദാനം നൽകുകയും ചെയ്യും.
- മുഖക്കുരു പോലുള്ള ചർമ വൈകല്യങ്ങളെ തടയാനുള്ള കഴിവുള്ളതിനാൽ ഇത് ഫെയ്സ് പാക്ക് ആയി ഉപയോഗിക്കാം.
- ആമസോൺ മേഖലയിലും, ഗയാനയിലും ചുമ മാറാനുള്ള ഔഷധമായി ഇത് ഉപയോഗിച്ചുവരുന്നു.
- യൂറിക് ആസിഡിന്റെ അളവ് കുറക്കുവാൻ ഫിലിപ്പീൻസിൽ ഇതിന്റെ ഉപയോഗം കൂടുതലാണ്. വടക്ക് കിഴക്ക് ബ്രസീലിൽ കൊളസ്ട്രോൾ കുറക്കുവാനും ഇത് ഉപയോഗിക്കുന്നു.

