ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കവെ, “ശബരിമലയിൽ ഇനി സ്വർണം വല്ലതും ബാക്കിയുണ്ടോ?” എന്ന് ജസ്റ്റിസ് സതീശ് ചന്ദ്രശർമ ചോദിച്ചു. പുറത്തുവരുന്ന വിവരങ്ങൾ കേൾക്കുമ്പോൾ ഇത്തരമൊരു ചോദ്യം ചോദിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.(Is there any gold left in Sabarimala, mocks Supreme Court)
കേസിലെ പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാർച്ച് ഒൻപതിലേക്ക് മാറ്റി. കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് പ്രതിയായ എസ്. ജയശ്രീക്ക് കോടതി ജാമ്യം അനുവദിച്ചത് എന്നും, എന്നാൽ മറ്റ് പ്രതികൾക്ക് യാതൊരു വിധത്തിലുള്ള ഇളവുകളും നൽകില്ലെന്ന സൂചനയും കോടതി നൽകിയിട്ടുണ്ട്.
താൻ ഒരു റെപ്യൂട്ടഡ് കമ്പനിയുടെ നടത്തിപ്പുകാരനാണെന്നും തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും പങ്കജ് ഭണ്ഡാരി കോടതിയിൽ വാദിച്ചു. മംഗൾയാൻ, ചന്ദ്രയാൻ ദൗത്യങ്ങളിൽ വരെ സ്വർണ്ണം പൂശുന്ന ജോലി തന്റെ കമ്പനി ചെയ്തിട്ടുണ്ട്. അത്തരം പാരമ്പര്യമുള്ള തനിക്ക് സ്വർണ്ണം മോഷ്ടിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ഭണ്ഡാരി കോടതിയെ അറിയിച്ചു.എന്നാൽ, ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കോടതി.

