ലഖ്‌നൗ: മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റിന്’ തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദ്ദം ചെലുത്തിയതിൽ പ്രകോപിതനായി പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചു കൊന്നു. ലഖ്‌നൗവിലെ വർധമാൻ പാത്തോളജി ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഡ്രമ്മിലൊളിപ്പിച്ച നിലയിലായിരുന്നു.(Son shoots father dead, cuts him into pieces and hides him in a drum in Lucknow)
പ്ലസ് ടുവിന് ബയോളജി പഠിച്ചിരുന്ന അക്ഷത് നിലവിൽ ബി.കോം വിദ്യാർത്ഥിയാണ്. എന്നാൽ മകൻ ഡോക്ടറാകണമെന്ന ആഗ്രഹത്താൽ നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. സംഭവദിവസം ഇതേ വിഷയത്തെച്ചൊല്ലി വീട്ടിലുണ്ടായ കടുത്ത തർക്കത്തിനൊടുവിൽ അക്ഷത് തോക്കെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നു. 2018-ൽ അമ്മ മരിച്ചതിനെത്തുടർന്ന് പിതാവിനും സഹോദരിക്കുമൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്.
കൊലപാതകത്തിന് ശേഷം തികച്ചും ആസൂത്രിതമായാണ് പ്രതി പ്രവർത്തിച്ചത്. വീടിന്റെ മൂന്നാം നിലയിൽ വെച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം താഴത്തെ നിലയിലെത്തിച്ച് കഷ്ണങ്ങളാക്കി മുറിച്ചു.മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. ബാക്കിയുള്ള ഭാഗങ്ങൾ പ്ലാസ്റ്റിക് ഡ്രമ്മിലാക്കി വീടിനുള്ളിൽ തന്നെ ഒളിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകൻ അക്ഷതിനെ ചോദ്യം ചെയ്തപ്പോഴാണ് കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു.

