കൊച്ചി: ചുണങ്ങംവേലിയിലെ ബാറിൽ വെച്ച് യുവാവിന് ആളുമാറി മർദ്ദനമേറ്റു. ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. പത്തോളം പേരടങ്ങുന്ന സംഘം ഒരാളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൂണ്ടി സ്വദേശിയായ ജോജി ജോണിനാണ് ആളുമാറി മർദ്ദനമേറ്റത്.(Man attacked in bar, CCTV visuals are out)
15 വയസ്സുള്ള മകനൊപ്പം ബാറിലെത്തിയ ഒരാളുമായി അക്രമി സംഘം പാർക്കിംഗ് ഏരിയയിൽ വെച്ച് വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഇത് കൈയാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് അക്രമം തുടങ്ങിയത്. ഈ തർക്കവുമായി യാതൊരു ബന്ധവുമില്ലാത്ത ജോജി ജോണിനെ അക്രമി സംഘം ആളുമാറി വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തനിക്ക് പ്രതികളെ ആരെയും മുൻപരിചയമില്ലെന്ന് ജോജി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന ബാക്കി എട്ടുപേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

