ഡമാസ്കസ്: സിറിയൻ ഭരണകൂടത്തെ ലക്ഷ്യം വെച്ച് പുതിയ ഘട്ടത്തിലുള്ള ആക്രമണങ്ങൾ ആരംഭിച്ചതായി ഭീകരസംഘടനയായ ഐഎസ് പ്രഖ്യാപിച്ചു (ISIS Announces New Phase Operations Syria). സിറിയയിലെ ദേർ എസ്സോർ പ്രവിശ്യയിലും വടക്കൻ നഗരമായ റാഖയിലും സൈനികർക്ക് നേരെ ശനിയാഴ്ച നടന്ന രണ്ട് ആക്രമണങ്ങളുടെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തു. സിറിയൻ ഭരണകൂടം ‘ഇറാനിയൻ അധിനിവേശത്തിൽ നിന്ന് തുർക്കി-അമേരിക്കൻ അധിനിവേശത്തിലേക്ക്’ മാറിയതായും ഐഎസ് ആരോപിക്കുന്നു.
മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പുറത്താക്കി 2024-ൽ അധികാരമേറ്റ പ്രസിഡന്റ് അഹമ്മദ് അൽ ഷറയുടെ ഭരണകൂടത്തിന് നേരെയാണ് ഐഎസ് ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്. ഐഎസിനെതിരായ അമേരിക്കൻ സഖ്യകക്ഷിയായി ഷറയുടെ സർക്കാർ മാറിയതാണ് ഭീകരരെ ചൊടിപ്പിച്ചത്. സിറിയയിലെ പുതിയ സർക്കാരിന്റെ പ്രധാന പിന്തുണക്കാരായ തുർക്കിയെയും അമേരിക്കയെയും ലക്ഷ്യം വെച്ചാണ് ഐഎസ് വക്താവ് അബു ഹുദൈഫ അൽ അൻസാരി പ്രസ്താവനയിറക്കിയത്. വരും ദിവസങ്ങളിൽ മോട്ടോർ സൈക്കിളുകളും തോക്കുകളും ഉപയോഗിച്ച് ആക്രമണം കടുപ്പിക്കാൻ ഭീകരർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സിറിയയിൽ നിന്ന് അമേരിക്കൻ കാലാൾപ്പട പിൻവാങ്ങിയതോടെ സുരക്ഷാ ചുമതലകൾ പുതിയ സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ, തടങ്കൽ പാളയങ്ങളിൽ നിന്ന് അയ്യായിരത്തോളം ഐഎസ് തടവുകാരെ ഇറാഖിലേക്ക് മാറ്റുന്നതിനിടെ പലരും രക്ഷപ്പെട്ടതായും ആശങ്കയുണ്ട്. ഡിസംബറിൽ പാൽമിറയിലുണ്ടായ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അമേരിക്കൻ സേന ഐഎസ് താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. നിലവിൽ സിറിയൻ സൈന്യം ഐഎസ് താവളങ്ങൾ തകർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഭീകരരുടെ പുതിയ നീക്കം രാജ്യത്തെ സമാധാനാന്തരീക്ഷത്തിന് വലിയ ഭീഷണിയുയർത്തുകയാണ്.
Summary: ISIS has announced a “new phase” of operations in Syria, targeting President Ahmad Al Shara’s government.

