തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ കർശന ഇടപെടൽ (Nedumangad District Hospital). ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സൈതലി കായ്പ്പാടി നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
അതേസമയം , ആരോപണ വിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദർ നിലവിൽ നിർബന്ധിത അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് സ്വദേശിനി നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് മിനിറ്റുകൾക്കുള്ളിൽ മരിക്കുകയായിരുന്നു. ലേബർ റൂമിൽ പ്രവേശിപ്പിച്ചത് മുതൽ ശസ്ത്രക്രിയ വരെ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ കുഞ്ഞിനുണ്ടായ പെട്ടെന്നുള്ള ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ആരോഗ്യവകുപ്പും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Story Summary:
The Kerala Human Rights Commission has ordered an investigation into the death of a newborn during a cesarean section at Nedumangad District Hospital. Chairperson Justice Alexander Thomas directed the DMO to submit a report within a month.

