തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകും.(Strict action will be taken, Health Minister on medical malpractice in Vandanam)
നിലവിൽ സർവീസിലുള്ള, വീഴ്ച വരുത്തിയ എല്ലാ ജീവനക്കാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യും. അന്വേഷണ റിപ്പോർട്ട് നിയമനടപടികൾക്കായി പോലീസിന് കൈമാറും. ഡി.എം.ഇയ്ക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ടിന് പുറമെ, ഒരു വിദഗ്ധ സമിതിയെ കൂടി നിയോഗിച്ചിട്ടുണ്ട്. ഈ സമിതി ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കും.
ഉഷയെ ഓർമ്മയില്ല, തന്റെ ഭാഗത്ത് പിഴവില്ല എന്ന ഡോ. ലളിതാംബികയുടെ വാദങ്ങൾ മന്ത്രി തള്ളി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് ശസ്ത്രക്രിയ നടക്കേണ്ടത്. അതിൽ വീഴ്ച സംഭവിച്ചാൽ ഡോക്ടർക്കും സ്ക്രബ് നഴ്സിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നോൺ പ്രാക്ടീസിങ് അലവൻസ് വാങ്ങുന്ന ഡോക്ടർമാർ വീട്ടിൽ വെച്ച് രോഗികളെ കാണുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും ഡോക്ടറെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് ഉഷയുടെ മകൻ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിന്മേൽ പ്രത്യേക അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ കൊച്ചിയിൽ ചികിത്സയിലുള്ള ഉഷയുമായി മന്ത്രി സംസാരിക്കുകയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനൽകി.

