കൽപ്പറ്റ: വയനാടിന്റെ കണ്ണീരൊപ്പാൻ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലെ നിർണ്ണായക ഘട്ടം പൂർത്തിയായി (Wayanad Township Inauguration). കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം ഫെബ്രുവരി 25-ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആകെ 410 വീടുകൾ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിൽ 178 വീടുകളാണ് ആദ്യഘട്ടത്തിൽ അതിജീവിതർക്കായി കൈമാറുന്നത്.
1000 ചതുരശ്രയടിയിൽ ഒറ്റനില വീടുകൾ. ഭാവിയിൽ രണ്ടാം നില പണിയാനുള്ള സൗകര്യത്തോടെയാണ് അടിത്തറ നിർമ്മിച്ചിരിക്കുന്നത്.
പ്രധാന കിടപ്പുമുറിക്ക് പുറമെ രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ.ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ.ലബോറട്ടറി, ഫാർമസി, ഒപി, വാക്സിനേഷൻ മുറികൾ തുടങ്ങിയ വിപുലമായ സംവിധാനങ്ങൾ.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കൽപ്പറ്റ വില്ലേജിലെ 64.47 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. 2025 മാർച്ച് 27-ന് തറക്കല്ലിട്ട പദ്ധതി, ഒരു വർഷത്തിനുള്ളിൽ തന്നെ ഒന്നാംഘട്ടം പൂർത്തിയാക്കി എന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യമായി വിലയിരുത്തപ്പെടുന്നു. സ്പെഷ്യൽ ഓഫീസർ എസ്. സുഹാസിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വയനാട് എം.പി പ്രിയങ്ക ഗാന്ധി തുടങ്ങിയവരും പങ്കെടുക്കും. റവന്യൂ-ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിക്കും.



